കല്ലടിക്കോട്: നിരന്തരമായി കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകളെ വനംവകുപ്പ് നാടുകടത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കർഷകരും പ്രദേശവാസികളും നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ആസൂത്രണത്തിലൂടെ കൃഷിയിടങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ട്രഞ്ചടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കാൻ അധികാരികൾ തയാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു. കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ പുത്തൂരിലെ മൃഗശാലയിൽ വിടണമെന്നും ആവശ്യമുയർന്നു. മേരിമാത പള്ളി വികാരി ഫാ. ജോജി വടക്കേക്കര അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കല്ലടിക്കോട്, രാജേഷ് നടുവത്താനി, കത്തോലിക്ക കോൺഗ്രസ് പൊന്നങ്കോട് ഫൊറോന പ്രസിഡന്റ് ഫ്രാൻസിസ് തുടിയംപ്ലാക്കൽ, ജോബി കാതിരുമോളേൽ, തോമസ് നസ്രത്ത്, ജോയി വെട്ടം, ഡിനിൽ ജോയ്, ജോയി തെക്കൃപ്പറമ്പിൽ, ചന്ദ്രൻ, അഖിൽ ബിനു എന്നിവർ പ്രസംഗിച്ചു.